2014, നവംബർ 4, ചൊവ്വാഴ്ച

പുലരാൻ തുടങ്ങുമൊരു രാത്രിയിൽ...

"പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയേ കിടന്നു മിഴിവാർക്കവെ,
ഒരു നേർത്ത തെന്നൽ അലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ...
നെറുകിൽ തലോടി മാഞ്ഞുവോ...!
"

എന്റെ രാത്രികളെ ഇത്രയും നന്നായി വരച്ചുകാട്ടിയ മറ്റൊരു വരിയും ഇന്നോളം കേട്ടിട്ടില്ല. ഇരുപത്തിനാലാം വർഷത്തിലൂടെ ഇഴഞ്ഞുനീങ്ങുന്ന ഈ എളിയ ജീവിതത്തിൽ ഒന്നിനും ഒരു കുറവും ഇല്ല. ചിലർ ''എല്ലാം ഉള്ളത്തിന്റെ അഹങ്കാരം" എന്നും, ചില ബുദ്ധിജീവികൾ ''ഡിപ്രഷൻ" വിളിക്കുന്ന അവസ്ഥ. സനാഥത്വത്തിലും അനാഥത്വത്തിന്റെ നോവ്‌ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നറിയില്ല. വല്ലാത്ത വേദനയാണ്. ചിലപ്പോൾ ഉള്ള് ചീന്തിയെടുക്കുംപോലെ നീറുന്നുണ്ട്.

പകലുകളിലെ ചിരിയുടെ മുഖംമൂടി എന്നെതന്നെ  പലപ്പോഴും വിസ്മയിപ്പിക്കുന്നു. എന്നിലെ അഭിനേത്രിയുടെ പാടവത്തിൽ സ്വയം അഭിമാനം കൊള്ളുന്നു. സായാഹ്നങ്ങളിൽ ആലസ്യത്തിന്റെ മുന്തിരിപ്പഴം നുകർന്ന് സമയം കൊല്ലുന്നു. രാത്രികളാകട്ടെ, നിശ്ശബ്ദതയുടെ ഇരുൾവഴികളാണ്. ലോകം ഉറങ്ങുമ്പോൾ ഉറങ്ങാൻ കഴിയാത്തവളുടെ ചിന്തായാത്രകൾ..! ഓർമ്മകൾ വ്രണപ്പെടുത്തുന്ന ഹൃദയം താങ്ങുക എന്നത് അല്പം ശ്രമകരമായ കാര്യമാണ്. പുലരാൻ തുടങ്ങുന്ന എത്രയോ രാവുകൾ ഓർമ്മകളിൽ കുതിർന്നു ഇല്ലാതായിരിക്കുന്നു. ശബ്ദം അടക്കിപ്പിടിച്ചു കരഞ്ഞ ഭയാനകമായ എത്രയോ രാത്രികൾ...

ഒരിക്കൽ ഞാൻ അറിഞ്ഞു, നെറുകിൽ തലോടിയ, അല്ല, 'നെറുകിൽ തലോടി മാഞ്ഞ' ഒരു നേർത്ത തെന്നലിനെ. സൗഹൃദം എന്ന് ഞാൻ അതിനെ പേര് വിളിച്ചു. ആദ്യമായി എന്നോടൊരാൾ തിരിച്ചു മൂളി
"നിഴൽ വീഴുമെന്റെ ഇടനാഴിയിൽ കനിവോടെ പൂത്ത മണിദീപമേ,
ഒരു കുഞ്ഞുകാറ്റിൽ അണയാതെ നിന്റെ തിരിനാളം എന്നും കാത്തിടാം...
തിരിനാളം എന്നും കാത്തിടാം..
!"

ഞാൻ അത് വല്ലാതെ വിശ്വസിച്ചു. സൗഹൃദം ഞരമ്പുകളിലൂടെ ഒഴുകിയ ഒരു വർഷക്കാലം... എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഒരു വർഷം! സൗഹൃദത്തിൽ 'ഞാനും' നീയും' ഇല്ല, 'നമ്മൾ' മാത്രമേ ഉള്ളെന്നു അയാൾ എന്നെ പഠിപ്പിച്ചു. തീർത്തും നിസ്വാർഥമായ സ്നേഹമായിരുന്നു അത്. ഒരു സുഹൃത്തോ, ജ്യേഷ്ഠനോ, അതിലുപരി മറ്റെന്തൊക്കെയോ അയി ഞാൻ ഹൃദയത്തോട് ചേർത്തുവെച്ച മുഖം. എന്റെ വഴികളിലെ വിളക്ക്...

ഒരു വർഷത്തിനിപ്പുറം നിന്ന് ഞാൻ തിരിഞ്ഞുനോക്കുമ്പോൾ, ആലസ്യത്തിന്റെ നിദ്രകൾ പോലും എന്നിൽ ഇല്ലാതാക്കി, അടക്കിപ്പിടിച്ച ഗദ്ഗദത്തിന്റെ ഒട്ടേറെ രാവുകൾ എനിക്കായി ബാക്കിവെച്ച്‌ സ്വാർഥതയുടെ ഇരുളിലേക്ക് നിഷ്കരുണം നടന്നകന്ന ആ മുഖം എന്നെ വീണ്ടും വീണ്ടും മുറിവേൽപ്പിക്കുന്നു.

വേണ്ടിയിരുന്നില്ല സുഹൃത്തേ... ബന്ധങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നു, സത്യത്തിന്റെയും നന്മയുടെയും ലോകം ഇല്ലാതായിട്ടില്ല എന്ന് കരുതിയിരുന്നു. അങ്ങകലെ എവിടെയോ മരുപ്പച്ച ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. ആ വിശ്വാസത്തെ ഇത്രമേൽ ഉടച്ചെറിയെണ്ടിയിരുന്നില്ല.

അവസാനവാക്ക്... എന്നെങ്കിലും നീയറിയുക, ഞാൻ കരുതിവെച്ച മയിൽപ്പീലിത്തുണ്ടിനെ; അതിൽ ഞാൻ ഹൃദയംകൊണ്ടെഴുതിയ തീക്ഷ്ണമായ സ്നേഹത്തിന്റെ നന്മയെ........................

2012, നവംബർ 15, വ്യാഴാഴ്‌ച

ഒരു വസന്തത്തിന്റെ വിളി

ഇലകള്‍ പൊഴിച്ച് ശിശിരം തീര്‍ത്ത വഴി. ഓര്‍മ്മകളാല്‍ മുറിവേല്‍ക്കപ്പെട്ട ഹൃദയവുമായി ഞാന്‍ നടന്നകലാന്‍ തുടങ്ങവേ, പിന്നില്‍ നിന്നൊരു വിളി. സ്നേഹമസൃണമായ ശബ്ദത്തില്‍... "അമ്മൂ.."

തെല്ലൊന്നു പരിഭ്രമിച്ചു ഞാന്‍ തിരിഞ്ഞു  നോക്കി..  ഒരായിരം വസന്തങ്ങള്‍ എനിക്കായ് ഹൃദയത്തില്‍ വിടര്‍ത്തി അയാള്‍ നില്‍ക്കുന്നു!


പിന്നെയും പരിഭ്രമം ബാക്കിയായി... തിരിഞ്ഞു നടക്കണോ? എന്നില്‍ പ്രതീക്ഷകള്‍ തെല്ലും ബാക്കിയില്ല. ഇനി പൊള്ളലേല്‍ക്കാനും വയ്യ.


എങ്കിലും അയാളുടെ കണ്ണുകളില്‍ ഒരു പ്രതീക്ഷയുടെ കിരണം കാണുന്നു, ആ വസന്തത്തെ ഈ ജന്മത്തിലേക്ക്  ഞാന്‍ നിറഞ്ഞ മനസ്സോടെ കൈനീട്ടി വാങ്ങും എന്ന പ്രതീക്ഷ. അത് കണ്ടില്ലെന്നു നടിക്കാന്‍ കഴിഞ്ഞില്ല.
ഒടുവില്‍ തിരിഞ്ഞു നടന്നു.


പിന്നെയും കാലം ഏറെ കടന്നുപോയി. ഇന്നും ആ പൂക്കളുടെ പുഞ്ചിരി എന്നോട് മൗനമായി പറയുന്നു... "ആ തീരുമാനം തെറ്റിയില്ല."


2012, ഓഗസ്റ്റ് 5, ഞായറാഴ്‌ച

ചില പാട്ടുകള്‍...

1 ഏതോ നിദ്രതന്‍ പോന്മയില്‍പ്പീലിയില്‍... (അയാള്‍ കഥയെഴുതുകയാണ്)
2 വരുവനില്ലാരും (മണിച്ചിത്രത്താഴ്)
3 ഒരു നറു പുഷ്പമായ്.. (മേഘമല്‍ഹാര്‍)
4 പോന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ (മേഘമല്‍ഹാര്‍)
5 പിന്നെയും പിന്നെയും ആരോ (കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്)
6 എന്തോ മൊഴിയുവാന്‍ ഉണ്ടാവുമീ മഴക്ക് (മഴ ആല്‍ബം)
7 ഒടുവിലൊരു ശോനരേഖയായി.. (തിരക്കഥ)
8 ആരാരും കാണാതെ ആരോമല്‍ തൈമുല്ല.. (ചന്ദ്രോത്സവം)
9 ചില്ലു ജാലക വാതിലില്‍ (ക്ലാസ്സ്മേറ്റ്സ്)
10 പുന്നെല്ലിന്‍ കതിരോല തുമ്പത്ത്.. (മേഡ് ഇന്‍ യു. എസ്.എ)
11 ഈ പുഴയും കുളിര്‍കാറ്റും (മയൂഖം)
12 മേലേ മേലേ മാനം (നമ്പര്‍ വണ്‍, സ്നേഹതീരം, ബംഗ്ലൂര്‍ നോര്‍ത്ത്)
13 കൈക്കുടന്ന നിറയെ തിരുമധുരം തരും... (മായാമയൂരം)
14 ചെമ്പകപ്പൂ മോട്ടിന്നുള്ളില്‍ വസന്തം വന്നു (എന്ന് സ്വന്തം ജാനകിക്കുട്ടി)
15 ഇതളൂര്‍ന്നു വീണ പനിനീര്‍ ദളങ്ങള്‍ (തന്മാത്ര)
16 പാതിരാമഴയേതോ ഹംസഗീതം പാടി... (ഉള്ളടക്കം)
17 എന്തേ നീ കണ്ണാ.. (സസ്നേഹം സുമിത്ര)
18 ഒന്നാം രാഗം പാടി (തൂവാനത്തുമ്പികള്‍)
19 സൂര്യാംശു ഓരോ വയല്‍പൂവിലും (പക്ഷെ)
20 പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍... (മണിച്ചിത്രത്താഴ്)

2012, ജൂൺ 3, ഞായറാഴ്‌ച

വരുവാനില്ലാരും

'വരുവാനില്ലാരും' എന്ന് തുടങ്ങുന്ന ചലച്ചിത്രഗാനം കേട്ടിട്ടില്ലാത്ത മലയാളികള്‍ ഉണ്ടാകുമോ?

മലയാളിക്ക് മറക്കാനാവാത്ത 'മണിച്ചിത്രത്താഴ്' എന്ന വിജയചിത്രത്തിലെ ഈ ഗാനം രചിച്ചിരിക്കുന്നത് ശ്രീ ബിച്ചു തിരുമലയാനെന്നു ഇന്റര്‍നെറ്റ്‌ താളുകള്‍ നിസ്സംശയം പറയുന്നു. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥ എഴുതിയ ശ്രീ മധു മുട്ടത്തിന്റെ തൂലികയില്‍ നിന്നു തന്നെയാണ് ഈ വരികളും ഉതിര്‍ന്നു വീണതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. സത്യം എന്തുമാവട്ടെ, ചില കാര്യങ്ങള്‍ പറയാതെ വയ്യ...



ഗൃഹാതുരത്വം ഉണര്‍ത്തുന്ന രംഗങ്ങള്‍ക്ക് പിന്നില്‍ അധികം പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയില്ലാതെ ഒഴുകിയെത്തുന്ന ആ വരികളുടെ ലാളിത്യം പ്രസംസനീയമാണ്. ജീവിതത്തില്‍ എവിടെയോ ഒറ്റപെട്ടുപോയ ഒരു പെണ്‍കുട്ടിയുടെ വിങ്ങലുകള്‍ വളരെ ആഴത്തിലും, എന്നാല്‍ ലളിതമായും ആ വരികളില്‍ ചിത്രീകെരിക്കപ്പെടുന്നു. പ്രതീക്ഷിക്കാന്‍ ഒന്നുമില്ലെങ്കിലും വെറുതെ എന്തിനെയോ പ്രതീക്ഷിക്കുന്ന പെണ്‍കുട്ടി. തന്റെ പടിവാതില്‍ കടന്നു വരാന്‍ ആരുമില്ല എന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും വഴിയിലേക്ക് മിഴിപാകി നില്‍ക്കാറുണ്ട് എന്നവള്‍ പറയുമ്പോള്‍ പ്രതീക്ഷയെക്കാള്‍ ഏറെ ഗദ്ഗദമാണ് മനസ്സ് നിറയെ..

കാത്തിരിപ്പിനൊടുവില്‍ നിനച്ചിരിക്കാത്ത നേരത്ത് പടിവാതിലില്‍ കേട്ട പദവിന്യാസം അവളെ ഏറെ മോഹിപ്പിച്ചു. ഓടിച്ചെന്നു നോക്കുമ്പോഴാകട്ടെ വഴിതെറ്റി വന്ന ആരോ തരിഞ്ഞു നടക്കുന്നു! ഗാനം അവിടെ അവസാനിക്കുന്നു.. എന്നാല്‍ ശ്രോതാവിന്റെ ഹൃദയത്തില്‍ ഉണ്ടാവുന്ന തന്മയീഭാവം ഈ ഗാനത്തിനെ 19 വര്‍ഷങ്ങള്‍ക്കിപ്പുറവും പുതുമയോടെ സൂക്ഷിക്കുന്നു.....!!!

2012, മേയ് 8, ചൊവ്വാഴ്ച

വിട


ഈറനണിഞ്ഞോരീ  കണ്ണുകള്‍ക്കപ്പുറം
കാണുന്നു നിന്നെ ഞാന്‍ ‍തോഴാ...
ഒരു  ജന്മം  ഹൃദയത്തില്‍  സൂക്ഷിച്ചോരീയിളം
വാടാത്ത പനിനീര്‍പുഷ്പമായ്  നിന്നെ  ഞാന്‍
നെഞ്ചോടടക്കിയ  കാലത്തെയും!‍‍ 
ഒരു പ്രണയമായിരുന്നുവോ  നിന്നോടെനിക്കന്നു
തോന്നിയതെന്നെനിക്കറിയില്ലതാകിലും
ഇന്നും,  ഇനിയെന്നും  ഒരോര്‍മ്മയായ്,
ഒരു  തേങ്ങലായ് എനിക്കെന്നും‍ നിന്‍ വിയോഗം! 
പഴയ പുസ്തകത്താളില്‍ കുറിച്ചിട്ട
മധുരനൊമ്പര  പ്രണയകാവ്യങ്ങളും...
കണ്ണുകള്‍ തമ്മില്‍  ഉടക്കുമ്പോഴോക്കെയും
'നാം  നമുക്കെ'ന്നോതിയ   മൗനവും..
എന്റെയുള്ളില്‍  പറയാന്‍  കരുതിയ,
പറയാന്‍ മറന്നുപോയോരായിരം   കാര്യങ്ങളും...
ഒറ്റപ്പെടലിന്റെ   ആര്‍ദ്രയാമങ്ങളില്‍
നിന്നെയോര്‍ത്തുഞാന്‍   പൊഴിച്ച  സ്മിതങ്ങളും...
തോരാത്തോരോര്‍മ്മകള്‍   മുറിപ്പെടുത്തുന്നോരീ
അപൂര്‍ണ്ണമാം  എന്റെ ദിനരാത്രങ്ങളും!
എത്ര   ജന്മങ്ങള്‍  കടന്നുപോകിലുമെന്റെ
സ്മൃതികളില്‍ നിന്‍ കരസ്പര്‍ശമേകിടും!
കണ്ടുവെന്നാകിലും  കാണാത്ത  ഭാവത്തില്‍
ഇന്നു  നാം  തമ്മില്‍  പിരിഞ്ഞങ്ങു പോകാവേ,
പറയാത്ത  വാക്കുകള്‍  ഹൃദയത്തില്‍  കോറി ഞാന്‍
ഒരു നേര്‍ത്തസ്മിതവുമായ്  കാത്തിരിക്കാം,
മറ്റൊരു  ജന്മമുണ്ടെങ്കില്‍  നിന്റെയാ-
പാദരേണുക്കളിലൊന്നായ് പിറക്കുവാന്‍..!‌