2014, നവംബർ 4, ചൊവ്വാഴ്ച

പുലരാൻ തുടങ്ങുമൊരു രാത്രിയിൽ...

"പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയേ കിടന്നു മിഴിവാർക്കവെ,
ഒരു നേർത്ത തെന്നൽ അലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ...
നെറുകിൽ തലോടി മാഞ്ഞുവോ...!
"

എന്റെ രാത്രികളെ ഇത്രയും നന്നായി വരച്ചുകാട്ടിയ മറ്റൊരു വരിയും ഇന്നോളം കേട്ടിട്ടില്ല. ഇരുപത്തിനാലാം വർഷത്തിലൂടെ ഇഴഞ്ഞുനീങ്ങുന്ന ഈ എളിയ ജീവിതത്തിൽ ഒന്നിനും ഒരു കുറവും ഇല്ല. ചിലർ ''എല്ലാം ഉള്ളത്തിന്റെ അഹങ്കാരം" എന്നും, ചില ബുദ്ധിജീവികൾ ''ഡിപ്രഷൻ" വിളിക്കുന്ന അവസ്ഥ. സനാഥത്വത്തിലും അനാഥത്വത്തിന്റെ നോവ്‌ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നറിയില്ല. വല്ലാത്ത വേദനയാണ്. ചിലപ്പോൾ ഉള്ള് ചീന്തിയെടുക്കുംപോലെ നീറുന്നുണ്ട്.

പകലുകളിലെ ചിരിയുടെ മുഖംമൂടി എന്നെതന്നെ  പലപ്പോഴും വിസ്മയിപ്പിക്കുന്നു. എന്നിലെ അഭിനേത്രിയുടെ പാടവത്തിൽ സ്വയം അഭിമാനം കൊള്ളുന്നു. സായാഹ്നങ്ങളിൽ ആലസ്യത്തിന്റെ മുന്തിരിപ്പഴം നുകർന്ന് സമയം കൊല്ലുന്നു. രാത്രികളാകട്ടെ, നിശ്ശബ്ദതയുടെ ഇരുൾവഴികളാണ്. ലോകം ഉറങ്ങുമ്പോൾ ഉറങ്ങാൻ കഴിയാത്തവളുടെ ചിന്തായാത്രകൾ..! ഓർമ്മകൾ വ്രണപ്പെടുത്തുന്ന ഹൃദയം താങ്ങുക എന്നത് അല്പം ശ്രമകരമായ കാര്യമാണ്. പുലരാൻ തുടങ്ങുന്ന എത്രയോ രാവുകൾ ഓർമ്മകളിൽ കുതിർന്നു ഇല്ലാതായിരിക്കുന്നു. ശബ്ദം അടക്കിപ്പിടിച്ചു കരഞ്ഞ ഭയാനകമായ എത്രയോ രാത്രികൾ...

ഒരിക്കൽ ഞാൻ അറിഞ്ഞു, നെറുകിൽ തലോടിയ, അല്ല, 'നെറുകിൽ തലോടി മാഞ്ഞ' ഒരു നേർത്ത തെന്നലിനെ. സൗഹൃദം എന്ന് ഞാൻ അതിനെ പേര് വിളിച്ചു. ആദ്യമായി എന്നോടൊരാൾ തിരിച്ചു മൂളി
"നിഴൽ വീഴുമെന്റെ ഇടനാഴിയിൽ കനിവോടെ പൂത്ത മണിദീപമേ,
ഒരു കുഞ്ഞുകാറ്റിൽ അണയാതെ നിന്റെ തിരിനാളം എന്നും കാത്തിടാം...
തിരിനാളം എന്നും കാത്തിടാം..
!"

ഞാൻ അത് വല്ലാതെ വിശ്വസിച്ചു. സൗഹൃദം ഞരമ്പുകളിലൂടെ ഒഴുകിയ ഒരു വർഷക്കാലം... എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഒരു വർഷം! സൗഹൃദത്തിൽ 'ഞാനും' നീയും' ഇല്ല, 'നമ്മൾ' മാത്രമേ ഉള്ളെന്നു അയാൾ എന്നെ പഠിപ്പിച്ചു. തീർത്തും നിസ്വാർഥമായ സ്നേഹമായിരുന്നു അത്. ഒരു സുഹൃത്തോ, ജ്യേഷ്ഠനോ, അതിലുപരി മറ്റെന്തൊക്കെയോ അയി ഞാൻ ഹൃദയത്തോട് ചേർത്തുവെച്ച മുഖം. എന്റെ വഴികളിലെ വിളക്ക്...

ഒരു വർഷത്തിനിപ്പുറം നിന്ന് ഞാൻ തിരിഞ്ഞുനോക്കുമ്പോൾ, ആലസ്യത്തിന്റെ നിദ്രകൾ പോലും എന്നിൽ ഇല്ലാതാക്കി, അടക്കിപ്പിടിച്ച ഗദ്ഗദത്തിന്റെ ഒട്ടേറെ രാവുകൾ എനിക്കായി ബാക്കിവെച്ച്‌ സ്വാർഥതയുടെ ഇരുളിലേക്ക് നിഷ്കരുണം നടന്നകന്ന ആ മുഖം എന്നെ വീണ്ടും വീണ്ടും മുറിവേൽപ്പിക്കുന്നു.

വേണ്ടിയിരുന്നില്ല സുഹൃത്തേ... ബന്ധങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നു, സത്യത്തിന്റെയും നന്മയുടെയും ലോകം ഇല്ലാതായിട്ടില്ല എന്ന് കരുതിയിരുന്നു. അങ്ങകലെ എവിടെയോ മരുപ്പച്ച ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. ആ വിശ്വാസത്തെ ഇത്രമേൽ ഉടച്ചെറിയെണ്ടിയിരുന്നില്ല.

അവസാനവാക്ക്... എന്നെങ്കിലും നീയറിയുക, ഞാൻ കരുതിവെച്ച മയിൽപ്പീലിത്തുണ്ടിനെ; അതിൽ ഞാൻ ഹൃദയംകൊണ്ടെഴുതിയ തീക്ഷ്ണമായ സ്നേഹത്തിന്റെ നന്മയെ........................

6 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. pattinte vari thiranjeduthathu bhangiayittund..theerendathano .... kalathinu manasinte murivunakkan kazhium enn parayunnathu valare sheriyanu... kurachu kazhumpol ath thankalkum mansilayikkollum...

    pinne... eee blog 5 postil theerende onnanoo ?

    എന്തെ ചേച്ചി , വാക്കുകളോടും വരികളോടുമുള്ള പ്രണയം കുറഞ്ഞുവോ ... അതോ എല്ലാവരെയും പോലെ താങ്കളും ഫേസ്ബുക്കിൽ ഒതുങ്ങിയോ ...

    2 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം താങ്കൾ വീണ്ടും പ്രത്യക്ഷപെട്ടപ്പോൾ ഞങ്ങൾ പലതും പ്രതിക്ഷിക്കുന്നു....

    ജീവിതത്തിന്റെ തിരക്കിനിടയിൽ ഇതിനായി അല്പ്പം സമയം ലഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു..

    മറുപടിഇല്ലാതാക്കൂ
  3. ആദ്യമായി തന്നെ നിങ്ങളോട് എന്റെ ഹൃദയംഗമായ നന്ദി അറിയിച്ചു കൊള്ളട്ടെ. അവിചാരിതമായാണ് ഞാൻ നിങ്ങളുടെ ബ്ലോഗ്‌ സന്ദർശിക്കുവാൻ ഇടയായതു. പക്ഷെ ഈ ബ്ലോഗ്‌ വായിച്ചപ്പോൾ തന്നെ അത് എന്റെ മനസ്സിനെ ഒരുപാട് ആകർഷിച്ചു എന്തെന്നാൽ ഇതിലെ ഭാഷാശൈലി എനിക്ക് വളരെ അധികം ഇഷ്ടമായി അതുതന്നെയുമല്ല തിരഞ്ഞെടുത്ത ഗാനത്തിന്റെ വരികൾ അത് നിങ്ങളുടെ ജീവിതവുമായി സമന്വയിപ്പിച്ച് അതിനെ മനോഹരമായി വർണ്ണിച്ചിരിക്കുന്നു. തുടർന്നും വാക്കുകളോടും വരികളോടുമുള്ള നിങ്ങളുടെ പ്രണയത്തിൻറെ അക്ഷരക്കൂട്ടുകൾ ഞാൻ പ്രതീഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ